ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. അതിനിടെ കേരളത്തില്‍ അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ റാന്നി ഐത്തല സ്വദേശിയായ 55 കാരനും ഭാര്യയ്ക്കും 22 വയസുകാരനായ മകനുമാണ് രോഗം കണ്ടെത്തിയത്.
ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
സംസ്ഥാനത്ത് കൊറോണ വീണ്ടും സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. റാന്നി സ്വദേശികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ജില്ലയില്‍ അഞ്ച് കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. മതപരമായ കൂടിചേരലുകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു
Discussion about this post