ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നു മടങ്ങി എത്തിയ ലഡാക് സ്വദേശികള്‍ക്കും ഒമാനില്‍ നിന്ന് എത്തിയ തമിഴ് നാട് സ്വദേശിക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 34 ആയി.
കൊറോണ വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കരസേന 1500 പേര്‍ക്കുള്ള കരുതല്‍ കേന്ദ്രങ്ങള്‍ തുറന്നു. സേനാ കേന്ദ്രങ്ങളിലെ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും, സൈനികരും സൈനിക കേന്ദ്രങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്.
കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് ഒരു മാസത്തേക്ക് ഒഴിവാക്കി. സ്പര്‍ശനത്തിലൂടെ രോഗം പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനാണ് പഞ്ചിങ് ഒഴിവാക്കിയത്. ഡല്‍ഹിയില്‍ എല്ലാ പ്രഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചു.
അടിയന്തര മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശം നല്കി.
Discussion about this post