ശ്രീനഗർ: ഇന്ത്യ-പാകിസ്താൻ ബന്ധം ഏറെ വഷളാകാൻ കാരണമായ പുൽവാമ ഭീകരാക്രമണത്തിന് സഹായകരമായത് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ സേവനവും. പുൽവാമയിൽ സ്‌ഫോടനം വേണ്ടി സ്ഫോടകവസ്തുക്കൾ നിർമിക്കാനുള്ള രാസവസ്തുക്കൾ വാങ്ങിയത് ആമസോൺ സൈറ്റിൽ നിന്നാണെന്നാണ് വെളിപ്പെടുത്തൽ. പുൽവാമ ആക്രമണത്തിന് അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിൻ, ആർഡിഎക്സ് എന്നിവയുപയോഗിച്ചാണ് ഭീകരർ ബോംബ് നിർമിച്ചത്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഞെട്ടിച്ച് ഭീകരാക്രമണം നടന്നത്.
ഭീകരാക്രമണക്കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത വൈസുൽ ഇസ്ലാം, മൊഹമ്മദ് അബ്ബാസ് റാത്തർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സുപ്രധാനമായ ഈ വിവരങ്ങൾ ലഭിച്ചത്. പുൽവാമ ആക്രമണത്തിന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ആണ് ഉപയോഗിച്ചത്. ഇത് നിർമ്മിക്കുന്നതിനുള്ള രാസവസ്തുക്കളും, ബാറ്ററികളും മറ്റ് സാധനങ്ങളുമാണ് ആമസോണിൽ നിന്ന് വാങ്ങിയതെന്ന് ഇവർ പറയുന്നു.
സാധനങ്ങൾ ഭീകരർക്ക് നേരിട്ട് കൊണ്ടുപോയി കൊടുത്തത് വൈസുൽ ഇസ്ലാമാണെന്ന് എൻഐഎ പറയുന്നു. മാത്രമല്ല 2018 ഏപ്രിൽ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ജെയ്ഷെ മുഹമ്മദ് ഭീകരനും ബോംബ് നിർമാണ വിദഗ്ധനുമായ മൊഹമ്മദ് ഉമറിന് വൈസുൽ ഇസ്ലാം തന്റെ വീട്ടിൽ താമസ സൗകര്യവും ഒരുക്കി നൽകുകയും ചെയ്തു. ഇയാളെ കൂടാതെ ചാവേറായ അദിൽ അഹമ്മദ് ദറിനും ജെയ്ഷെ ഭീകരരായ സമീർ അഹമ്മദ് ദർ, കമ്രാൻ എന്നിവരെ പുൽവാമ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് വരെ സ്വന്തം വീട്ടിൽ ഇയാൾ താമസിപ്പിച്ചിരുന്നു. ഇതിൽ ചാവേറായ ആദിലിനെ മറ്റൊരു ജെയ്ഷെ സഹായി ആയ താരിഖ് അഹമ്മദ് ഷായുടെ വീട്ടിൽ എത്തിച്ചതും വൈസുൽ ഇസ്ലാമാണ്. ഇവിടെ വെച്ചാണ് ഭീകരാക്രമണത്തിന് മുന്നോടിയായുള്ള വീഡിയോ സന്ദേശം ചിത്രീകരിച്ചതും.