ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കും. സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ യോഗത്തിനുശേഷമാകും നടപടി. അതെസമയം സഭയില്‍ എംപിമാരുടെ പെരുമാറ്റത്തിന് മാര്‍ഗ നിര്‍ദേശം കൊണ്ടുവരാനും തീരുമാനമായി.
അതെസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും തടസപ്പെട്ടു. രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ബഹളത്തിനിടയിലും ധാതുനിയമ ഭേദഗതിയും പൗരത്വ ബില്ലും ലോക്‌സഭ പാസാക്കി. അതിനിടെ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംപിമാര്‍ സത്യഗ്രഹമിരുന്നു.
ലോക്‌സഭയില്‍ ബഹളം വച്ച് പെരുമാറിയെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുരിയാക്കോസ്, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്ക് പുറമെ മണിക്കം ടാഗൂര്‍ ,ഗൗരവ് ഗോഗോയി ഗുര്‍ജിത് സിംങ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഈ സമ്മേളന കാലത്തേക്ക് മുഴുവനായാണ് നടപടി. കൂടാതെ എംപിമാരെ അയോഗ്യരാക്കണം എന്ന ആവശ്യം പരിഗണിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.