ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ നേരിടുന്ന വെല്ലുവിളികളെപ്പറ്റി തുറന്ന് പറഞ്ഞ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നമ്മള്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമെന്നും അദ്ദേഹത്തിന് കഴിയുന്നത്ര സുഗമമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കണമെന്നും’ മന്‍മോഹന്‍ സിങ് പറഞ്ഞു.
ദി ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക മാന്ദ്യം, കലുഷിതമായ സാമൂഹികാന്തരീക്ഷം, പകര്‍ച്ചവ്യാധി എന്നിവയില്‍ നിന്നെല്ലാം ഇന്ത്യ കടുത്ത ഭീഷണി നേരിടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘കേവലം വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് രാഷ്ട്രത്തെ ബോധ്യപ്പെടുത്തേണ്ടതെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ രാജ്യത്തെ സാഹചര്യം ‘ഭീകരവും മോശവുമായ’ അവസ്ഥയിലാണ്. ‘വളരെ ദുഖത്തോടെയാണ് ഞാന്‍ ഇത് എഴുതുന്നത് … ഈ ശക്തമായ അപകടസാധ്യതകള്‍ ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുക മാത്രമല്ല, ലോകത്തിലെ സാമ്പത്തിക, ജനാധിപത്യശക്തിയെന്ന നിലയില്‍ നമ്മുടെ ആഗോള സാധ്യതകളുടെ കരുത്ത് ചോര്‍ത്തുകയും ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു,’ മന്‍മോഹന്‍ സിങ് പറഞ്ഞു.
‘സാമൂഹ്യ സംഘര്‍ഷങ്ങളുടെ അഗ്‌നി രാജ്യത്തുടനീളം അതിവേഗം പടരുകയാണ്, മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ ചൂഷണം ചെയ്യുക കൂടിയാണ്. ഈ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയ അതേ ആളുകള്‍ക്ക് മാത്രമേ അത് കെടുത്താനും കഴിയൂ,’- മന്‍മോഹന്‍ സിങ് പറഞ്ഞു.
Discussion about this post