ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി ഉത്തം നഗര്‍ സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 31 ആയി. ഇയാള്‍ നേരത്തെ തായ്ലന്ഡും മലേഷ്യയും സന്ദര്‍ശിച്ചിരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂടുതല്‍ പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത് എത്തി. വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പരിപാടികള്‍ സംഘടിപ്പിക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതല്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
അതെസമയം കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന് വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു.കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുന്നതായും എല്ലാ രാജ്യാന്തര യാത്രക്കാരെയും പരിശോധിക്കാന്‍ തീരുമാനമായതായും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.
ഇതുവരെ ചൈന, ജപ്പാന്, ഹോങ് കോങ്, ദക്ഷിണകൊറിയ, തായ്ലാന്ഡ്, നേപ്പാള്‍, സിങ്കപ്പൂര്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്നാം, മലേഷ്യ, ഇറ്റലി, ഇറാന് എന്നീ 12 രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെയാണ് പരിശോധിച്ചിരുന്നത്.
Discussion about this post