ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. പാര്‍ലമെന്റ് കവാടത്തിലാണ് കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തുന്നത്. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ധര്‍ണ.
കറുത്ത റിബണ്‍ ധരിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിക്കുന്നത്. സസ്‌പെന്‍ഷന്‍ നടപടി ഒഴിവാക്കണമെന്നും ഡല്‍ഹി കലാപത്തില്‍ ഉടന്‍ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡല്‍ഹി കലാപം ഉടന്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോളിക്ക് ശേഷം ചര്‍ച്ച നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിച്ചതിനാണ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.
ലോക്‌സഭയില്‍ ബഹളം വച്ച് പെരുമാറിയെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുരിയാക്കോസ്, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്ക് പുറമെ മണിക്കം ടാഗൂര്‍ ,ഗൗരവ് ഗോഗോയി ഗുര്‍ജിത് സിംങ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഈ സമ്മേളന കാലത്തേക്ക് മുഴുവനായാണ് നടപടി. കൂടാതെ എംപിമാരെ അയോഗ്യരാക്കണം എന്ന ആവശ്യം പരിഗണിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post