ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കലാപത്തിന് കാരണമായ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം, കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികള്‍ ആണ് കോടതി പരിഗണിക്കുക.
സാമൂഹ്യ പ്രവര്ത്തകന് ഹര്‍ഷ് മന്ദറാണ് ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന് ബെഞ്ച് കേസ് പരിഗണിക്കുന്നത്. കലാപത്തിന് ഇടയാക്കിയ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കാന്‍ വൈകിയതിന് നേരത്തെ സുപ്രീംകോടതി ഹൈക്കോടതിയെ വിമര്‍ശിച്ചിരുന്നു.
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കാന്‍ എന്തിനാണ് ഇത്ര താമസമെന്നും, വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ വിദ്വേഷ പ്രസംഗം നടത്തി എന്ന് കാണിച്ച് ലോയേഴ്സ് വോയ്സ് എന്ന സംഘടന നല്കിയ ഹര്‍ജിയും പട്ടികയിലുണ്ട്.
അതെസമയം സുപ്രീംകോടതിക്കും പാര്‍ലമെന്റിനും എതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന സാമൂഹ്യ പ്രവര്ത്തകന് ഹര്‍ഷ് മന്ദറിന് എതിരായ ആരോപണം സുപ്രീംകോടതി ഇന്ന് പരിശോധിക്കും.
Discussion about this post