ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം, വിലക്കിയപ്പോള്‍ ഉറക്കംതൂങ്ങി; യൂബര്‍ ഡ്രൈവറെ പിടിച്ച് മാറ്റി വളയം പിടിച്ച് യാത്രക്കാരി, വീഡിയോ

ഉറക്കം തൂങ്ങല്‍ കലശലായതോടെ തേജസ്വിനി സഞ്ചരിച്ച ടാക്സി രണ്ട് അപകടങ്ങളില്‍ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

മുംബൈ: ഡ്രൈവിങ്ങിനിടെ ഉറക്കം തൂങ്ങിയ യൂബര്‍ ടാക്‌സി ഡ്രൈവറെ പിടിച്ച് മാറ്റി വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരി. മുംബൈയിലാണ് സംഭവം. 28-കാരിയായ തേജസ്വിനി ദിവ്യ നായിക് യുവതി പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോകാന്‍ യൂബര്‍ ടാക്സി ബുക്ക് ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യാത്ര ആംരംഭിച്ചത്. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഡ്രൈവറുടെ കളി ഫോണിലായിരുന്നു. ഇത് യുവതി വിലക്കി. ഇതോടെ ഡ്രൈവര്‍ ഉറക്കം തൂങ്ങുകയായിരുന്നു.

ഉറക്കം തൂങ്ങല്‍ കലശലായതോടെ തേജസ്വിനി സഞ്ചരിച്ച ടാക്സി രണ്ട് അപകടങ്ങളില്‍ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അതിനുശേഷം, താന്‍ വാഹനം ഓടിക്കാമെന്നും നിങ്ങള്‍ അല്‍പ്പം വിശ്രമിക്കണമെന്നും തേജസ്വിനി ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യം സമ്മതിച്ചില്ല. പിന്നെയും യാത്ര തുടര്‍ന്നു. എന്നാല്‍ അയാള്‍ വീണ്ടും ഉറക്കത്തില്‍പ്പെട്ടതോടെ ഡ്രൈവറെ പിടിച്ചുമാറ്റി യുവതി വളയം പിടിക്കുകയായിരുന്നു.

ഡ്രൈവര്‍ സീറ്റില്‍ നിന്ന് മാറിയെങ്കിലും അയാള്‍ ഉറങ്ങാതെ ഫോണില്‍ സംസാരിക്കുകയും തേജസ്വിനിയുടെ ഡ്രൈവിങ്ങിനെ പുകഴ്ത്തുകയുമായിരുന്നു. ഒടുവില്‍ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് തേജസ്വിനി അയാളുടെ ഫോട്ടോയും വീഡിയോയും എടുക്കുകയും കമ്പനിയെ ടാഗ് ചെയ്ത് ഈ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. മുംബൈയില്‍ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പാണ് അയാള്‍ ഉറക്കം ഉണര്‍ന്ന് വീണ്ടും ഡ്രൈവിങ്ങ് ആരംഭിച്ചത്. സംഭവത്തില്‍ യൂബര്‍ ടാക്സി സര്‍വീസ് വക്താവ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

Exit mobile version