ന്യൂഡല്‍ഹി: തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ല കളക്ടര്‍. രാജ്യത്ത് കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലഖ്നൗ കളക്ടറാണ് തുറന്ന സ്ഥലങ്ങളില്‍ മത്സ്യമാംസങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
ഭീതി പരത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ലഖ്നൗ ഭരണകൂടം. ഇതിന്റെ ഭാഗമായി എല്ലാ ഗോ ശാലകളും ശുചീകരിക്കാനും നിര്‍ദേശമുണ്ട്. ശുചിത്വം പാലിക്കാന്‍ നഗരത്തിലെ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും ജില്ല കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഇന്ത്യയില്‍ 30 ഓളം പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് കേസുകള്‍ ഉത്തര്‍പ്രദേശിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗ്രയില്‍ ആറു പേര്‍ക്കും ലഖ്നൗവില്‍ ഒരാള്‍ക്കുമാണ് കൊറോണ രോഗം ബാധിച്ചിരിക്കുന്നത്.
വൈറസ് ബാധ മൂലം ലോകത്ത് 3,286 പേരാണ് ഇതുവരെ മരിച്ചത്. 79 രാജ്യങ്ങളിലായി 95426 ആളുകള്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ വൈറസ് ബാധ മൂലം 2981 പേരാണ് മരിച്ചത്. ചൈനയ്ക്ക് പുറത്ത് വൈറസ് ബാധ മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറ്റലിയാണ്. 79 പേരാണ് ഇറ്റലിയില്‍ മരിച്ചത്.
Discussion about this post