തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിതമായി പണം ഒഴുക്കുന്നു; പതിനായിരം രൂപയില്‍ കൂടുതല്‍ ഇനി ഒരു ദിവസം ചിലവാക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് വേണ്ടി അമിതമായി പണം ഒഴുകുന്നത് തടയാന്‍ പുതിയ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇനിമുതല്‍ സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടിയ്ക്കും ഒരു ദിവസം പതിനായിരം രൂപമാത്രമേ ചെലവഴിക്കാന്‍ സാധിക്കു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. സ്ഥാനാര്‍ത്ഥിയ്ക്ക് പതിനായിരത്തില്‍ കൂടുതല്‍ സംഭാവന സ്വീകരിക്കാനും ഇനിമുതല്‍ കഴിയില്ലെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.

നേരത്തെ ഒരു ദിവസം ചിലവഴിക്കാവുന്ന തുക ഇരുപതിനായിരം ആയിരുന്നു. 2011 ലായിരുന്നു ഇരുപതിനായിരം രൂപയാക്കിയത്.

ഇന്‍കം ടാക്‌സ് ആക്ടിലെ സെക്ഷന്‍ 40എ(3)ഭേദഗതി വരുത്തിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നീക്കം. പുതിയ ഉത്തരവിനെ കുറിച്ച് എല്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും കമ്മീഷന് നിര്‍ദേശം നല്‍കി.

പുതിയ ഉത്തരവ് നവംബര്‍ 12 മുതല്‍ നിലവില്‍ വന്നു. ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇത് ബാധകമാക്കി. തെരഞ്ഞെടുപ്പ് ചെലവു കണക്കുകളില്‍ കൂടുതല്‍ കൃത്യത വരുത്താനാണ് കമ്മീഷന്റെ പുതിയ നീക്കം

Exit mobile version