ബംഗളൂരു: ബംഗളൂരുവിലെ ഐടി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഹൈദരാബാദ് സ്വദേശിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഐടി കമ്പനികളും അതീവ ജാഗ്രതയിലാണ്. ജീവനക്കാര്‍ക്ക് ഇപ്പോള്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് കമ്പനിക്കാര്. പകരുന്ന രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാനാണ് ഭൂരിഭാഗം കമ്പനികളും നിര്‍ദേശിച്ചിരിക്കുന്നത്.
വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനായി കൂടുതല്‍ ജീവനക്കാര്‍ക്ക് ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കമ്പനികള്‍ നല്കി. പനി, ജലദോഷം തുടങ്ങിയവ പിടിപെട്ടാല്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകള്ക്കുവിധേയരാകാനും കമ്പനി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന ആരോഗ്യ ശുചിത്വ പെരുമാറ്റച്ചട്ടം പിന്തുടരണമെന്നും നിര്‍ദേശമുണ്ട്. ജീവനക്കാരുടെ ആഘോഷപരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും ഭാഗികമായി വിലക്കേര്‍പ്പെടുത്തി.
ഉപഭോക്താക്കളുമായുള്ള കൂടിക്കാഴ്ചകളും പരിശീലനപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള ജീവനക്കാരുടെ ജോലിസംബന്ധമായ യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും സ്ഥിതി കൂടുതല്‍ രൂക്ഷമായാല്‍ കമ്പനികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
Discussion about this post