മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്. അതിനിടെ പൗരത്വ നിയമത്തെ എതിര്‍ത്ത രണ്ട് കൗണ്‍സിലര്‍മാരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. വിനോദ് ബോറഡെ, ബാലാ സാഹിബ് റോക്കഡെ എന്നിവരെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തത്.
സേലു മുനിസിപ്പല്‍ ചെയര്‍മാനാണ് വിനോദ് ബോറഡെ. പാളം മുനിസിപ്പല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനാണ് ബാലാ സാഹിബ് റോക്കഡെ. ബിജെപിക്ക് കീഴിലുള്ള പര്‍ഭാനി ജില്ലയിലെ സേലു മുനിസിപ്പല്‍ കൗണ്‍സില്‍ സിഎഎക്കും എന്‍ആര്‍സിക്കും എന്‍പിആറിനുമെതിരെ പ്രമേയം പാസാക്കിയിരുന്നു.
ഫെബ്രുവരി 28നാണ് പ്രമേയം പാസ്സാക്കിയത്. കൗണ്‍സിലര്‍ റഹിം ഷെയ്ഖ് മുന്നോട്ടുവച്ച പ്രമേയം 28 അംഗ കൗണ്‍സില്‍ പാസ്സാക്കുകയായിരുന്നു. രണ്ട് ശിവസേന കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതല്ലാതെ പ്രമേയത്തെ ആരും എതിര്‍ത്തില്ലെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ വിനോദ് ബൊറേഡ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രമേയം പാസാക്കിയ വിനോദ് ബോറഡെയ്ക്കും ബാലാ സാഹിബ് റോക്കഡെയ്ക്കുമെതിരെ ബിജെപി നടപടി സ്വീകരിച്ചത്. അച്ചടക്കനടപടിയുടെ ഭാഗമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്ത കാര്യം ഉറപ്പിച്ച് ബിജെപി വക്താവ് കേശവ് ഉപാധ്യായ സസ്‌പെന്‍ഷന്‍ ലെറ്റര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. അതേസമയം, പുറത്തുവിട്ട കത്തില്‍ സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാക്കിയിട്ടില്ല.