ന്യൂഡല്‍ഹി: വനിതാ ദിനത്തില്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് വനിതകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് വനിത നേതാവ്. സുസ്മിത ദേവാണ് മോഡിയുടെ തീരുമാനത്തെ പരിഹസിച്ചത്. വനിതാ ദിനത്തില്‍ മോഡിയുടെ അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ഉന്നാവോ പെണ്‍കുട്ടിക്ക് നല്‍കണമെന്നാണ് അവര്‍ പറഞ്ഞത്.
ഉന്നാവോ കേസിലെ ഇരയായ പെണ്‍കുട്ടിക്ക് നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് എന്റെ അഭിപ്രായം. കാരണം അവര്‍ നിങ്ങളുടെ പാര്‍ട്ടിക്കാരുടെ ആക്രമണങ്ങളെ അതിജീവിച്ച പെണ്‍കുട്ടിയാണ്. അവള്‍ ധൈര്യവതിയാണ്. നിങ്ങളുടെ അക്കൗണ്ടിലൂടെ അനുഭവം പറയാന്‍ അവള്‍ക്കാണ് യോഗ്യത-സുസ്മതി ദേവ് പറയുന്നു.
സ്ത്രീ സുരക്ഷയുടെ പേരില്‍ അധികാരത്തിലേറിയ മോഡിയുടെ മോശം പ്രതിച്ഛായ മറികടക്കാനുള്ള തന്ത്രമാണെന്നും അവര്‍ കുറ്റപ്പെടുത്തി. സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായാണ് ആദ്യം നരേന്ദ്ര മോഡി പറഞ്ഞത്. പിന്നീട് വനിതാ ദിനമായ മാര്‍ച്ച് എട്ടിന് തന്റെ അക്കൗണ്ട് വനിതകള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് അക്കൗണ്ട് ഉന്നാവോ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് സുസ്മിത പറഞ്ഞത്.