ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനത്തില്‍ പ്രതികരിച്ച് എന്‍സിപി മുഖ്യവക്താവും മഹാരാഷ്ട്ര നിയമസഭാംഗവുമായ നവാബ് മാലിക്. നരേന്ദ്ര മോഡിയുടെ തീരുമാനത്തെ ഭക്തര്‍ കൂടി പിന്തുടര്ന്നാല് രാജ്യത്ത് സമാധാനം തിരികെ വരുമെന്ന് നവാബ് മാലിക് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് പ്രതികരണമറിയിച്ച്
നവാബ് മാലിക് രംഗത്തെത്തിയത്. രാജ്യത്തിന്റെ താത്പര്യം പരിഗണിച്ചായിരിക്കാം പ്രധാനമന്ത്രിയുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ട്വിറ്ററില്‍ 53.3 മില്യണ്‍ ഫോളോവെഴ്സും ഫേസ്ബുക്കില്‍ 44 മില്യണ്‍ ഫോളോവേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 35.2 മില്യണ്‍ ഫോളോവേഴ്സുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ളത്. സോഷ്യല്‍മീഡിയയിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം തീരുമാനമറിയിച്ചതിന് പിന്നാലെ നിരവധിപേരാണ് പ്രതികരണമറിയിച്ചത്.
മോഡി തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള ‘no sir’ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ തരംഗമായി മാറുകയാണ്. വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിക്കുകയുണ്ടായി.
Discussion about this post