ഹൈദരാബാദ്: കൊറോണ വൈറസ് സ്ഥിരീകരിച്ച യുവാവ് യാത്ര ചെയ്ത ബസിലെ യാത്രക്കാരും നിരീക്ഷണത്തില്‍. തെലങ്കാനയിലാണ് സംഭവം. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് തെലങ്കാന ആരോഗ്യമന്ത്രി എട്ടേല രാജേന്ദര്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് പുതിയതായി മൂന്ന് കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്.
തെലങ്കാനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ബംഗളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് സഞ്ചരിച്ച ബസിലെ യാത്രക്കാരാണ് നിരീക്ഷണത്തിലുള്ളത്. ഹൈദരാബാദില്‍ എത്തിയതിനു ശേഷം ഇയാള്‍ ആദ്യം താമസിച്ചത് മഹേന്ദ്ര ഹില്‍സിലാണ്. കൊറോണ സംശയത്തെ തുടര്‍ന്ന് ഇയാളെ ആദ്യം അപ്പോളോ ആശുപത്രിയിലും പിന്നീട് ഗാന്ധി ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
ഇവിടെ നിന്ന് യുവാവിന്റെ ശരീരസ്രവങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബസിലെ യാത്രക്കാരും അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും രോഗിയുടെ കുടുംബവുമടക്കം 80 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി എട്ടേല രാജേന്ദര്‍ വ്യക്തമാക്കി. അതേസമയം രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍വര്‍ധന്‍ വ്യക്തമാക്കി.
Discussion about this post