‘ഇത് ഡല്‍ഹിയല്ല, കൊല്‍ക്കത്തയാണ്, ഇത് ബംഗാളാണ്’; ഗോലി മാരോ സോലോം കോ മുദ്രാവാക്യം വിളിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യും; മമത ബാനര്‍ജി

കൊല്‍ക്കത്ത; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗോലി മാരോ സോലോം കോ മുദ്രാവാക്യം വിളിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘മുദ്രാവാക്യം പ്രകോപനപരവും നിയമവിരുദ്ധവുമാണ്. അത് ഉയര്‍ത്തിവരെ ശിക്ഷിക്കും. ഇത് ഡല്‍ഹിയല്ല, കൊല്‍ക്കത്തയാണ്, ഇത് ബംഗാളാണ്.’ – മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

മുദ്രാവാക്യം ഉയര്‍ത്തിയ ഏതാനും ചിലരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവരെ തിരയുകയാണെന്നും മമത പറഞ്ഞു. മുദ്രാവാക്യം ഉയര്‍ത്തിയവരെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സഹായിക്കണമെന്നും മമത ആവശ്യപ്പെട്ടു. ‘അവരെ കണ്ടെത്തിയശേഷം പോലീസിനെ അറിയിക്കു. പക്ഷേ നിങ്ങള്‍ നിയമം കൈയ്യിലെടുക്കരുത് ‘ – മമത ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം, കൊല്‍ക്കത്തയില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പ്രകോപന മുദ്രാവാക്യം ഉയര്‍ത്തിയത്. കാവിവസ്ത്രം ധരിച്ച് ബിജെപി പതാക വീശിയാണ് ഒരു കൂട്ടം ആളുകള്‍, ദേശദ്രോഹികളെ വെടിവെയ്ക്കൂ എന്ന് അര്‍ത്ഥമുളള ഗോലി മാരോ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോയിലെ രാജീവ് ചൗക്ക് സ്റ്റേഷനിലും സമാന മുദ്രാവാക്യം വിളിച്ചിരുന്നു. വെളള ടീ ഷര്‍ട്ടും ഓറഞ്ച് തലപ്പാവും ധരിച്ച ഒരു കൂട്ടം ആളുകളാണ് മുദ്രാവാക്യം വിളിച്ചത്. ഡല്‍ഹി കലാപത്തിന് ഇടയാക്കിയെന്ന് കരുതുന്ന മുദ്രാവാക്യമാണ് ഗോലി മാരോ സാലോംകോ.

Exit mobile version