ന്യൂഡൽഹി: ഡൽഹിയിലെ കലാപത്തിന് പിന്നലെ കോടതികൾക്കെതിരെ വിമർശനം ഉന്നയിക്കുന്നതിൽ കഴമ്പില്ലന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. കലാപങ്ങൾ തടയാൻ കോടതികൾക്ക് കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ കോടതികൾക്ക് പരിമിതി ഉണ്ട്. ചില സാഹചര്യങ്ങൾ കോടതിയുടെ നിയന്ത്രണത്തിനും അപ്പുറത്താണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വിദേഷ്വ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യം സീനിയർ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ആരെങ്കിലും മരിക്കണം എന്നല്ല പറയുന്നത്, ചിലർ ഹർജികൾ ഫയൽ ചെയ്യുന്നത് കോടതികളാണ് ഉത്തരവാദികൾ എന്ന നിലയിലാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരു സംഭവം നടന്ന ശേഷം മാത്രമാണ് കോടതിക്ക് രംഗ പ്രവേശം ചെയ്യാൻ കഴിയുന്നത്. കോടതികളെ കുറ്റപ്പെടുത്തി കൊണ്ടുള്ള മാധ്യമ വാർത്തകൾ വായിക്കാറുണ്ടെന്നും അത് കോടതിക്ക് വലിയ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. പത്ത് കലാപ ബാധിതർ നൽകിയ റിട്ട് ഹർജി ബുധനാഴ്ച പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ബിജെപി നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി ഏപ്രിൽ 13ലേക്ക് മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കുന്നത്.