ന്യൂഡൽഹി: കേരളത്തിലെ കൊറോണ ബാധിതർ രോഗത്തെ അതിജീവിച്ചതിന് പിന്നാലെ രാജ്യത്ത് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് ഡൽഹിയിലെത്തിയ ഒരാൾക്കും ദുബായിയിൽ നിന്ന് തെലങ്കാനയിലെത്തിയ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇരുവരും നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇറാനിലും ഇറ്റലിയിലും നൂറുകണക്കിന് ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇറാനിൽ 1000 പേരും ഇറ്റലിയിൽ 85 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്.
ഇറാനിലുള്ളവരിൽ 85 പേർ മലയാളികളാണ്. ഇവർക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കാൻ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിദഗ്ധനെ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധയില്ലെന്ന് വ്യക്തമായാൽ ഇവരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ഇറാനിലേക്ക് വിമാനമയക്കും.