ന്യൂഡൽഹി: 45 ജീവനുകൾ എടുത്ത ഡൽഹിയിലെ കലാപത്തിൽ ഉണ്ടായ ആകെയുള്ള സാമ്പത്തിക നഷ്ടം 25,000 കോടിരൂപയുടേതെന്ന് കണക്കുകൾ. അക്രമികൾ അഴിഞ്ഞാടിയപ്പോൾ തകർന്നു വീണത് സ്വകാര്യ വസ്തുവകകളും വ്യാപാര സ്ഥാപനങ്ങളും മറ്റുമാണ്. തീവെച്ച് തല്ലി തകർത്തും തീർത്തും ഉപയോഗ ശൂന്യമാക്കിയതിനാൽ തന്നെ നഷ്ടങ്ങളും ഭാരവും വർധിക്കുകയാണ്. ഇതുകണക്കാക്കിയാണ് നഷ്ടം 25,000 കോടിയുടേതാണെന്ന് വിലയിരുത്തുന്നത്.
ഡൽഹി ചേംബർ ഓഫ് കൊമേഴ്സാണ് നഷ്ടങ്ങളെ കുറിച്ച് പ്രാഥമികമായി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കലാപത്തിൽ ഏകദേശം 92 വീടുകളാണ് അക്രമികൾ തീവെച്ച് നശിപ്പിച്ചത്. 57 കടകൾ, 500 വാഹനങ്ങൾ, ആറ് ഗോഡൗണുകൾ, രണ്ട് സ്കൂളുകൾ, നാല് ഫാക്ടറികൾ, നാല് ആരാധനാലയങ്ങൾ തുടങ്ങിയവയും കലാപകാരികൾ തീവെച്ച് നശിപ്പിച്ചു.
ഡൽഹി പോലീസ് വിവിധ അക്രമസംഭവങ്ങളിലായി 167 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമങ്ങളുടെ പേരിൽ 885പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കലാപബാധിതമായ പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിനായി പോലീസ് ഫഌഗ് മാർച്ചുകൾ ഉൾപ്പെടെ നടത്തുന്നുണ്ട്.
Discussion about this post