ലഖ്‌നൗ: പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ച സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ജീവനക്കാരനും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്റ്റാമ്പ് ചെയ്ത ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയായിരുന്നു. ചോദ്യപേപ്പര്‍ ഉപയോഗിച്ച് ഉത്തരമെഴുതിയ ഉത്തരക്കടലാസുകള്‍ ബോര്‍ഡ് പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം ചേര്‍ത്തുകൊടുക്കാനായിരുന്നു ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് സ്‌കൂള്‍ ജീവനക്കാരന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ചോദ്യക്കടലാസിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ സ്റ്റാമ്പ് പേപ്പറിലേക്ക് പകര്‍ത്തുന്നതിനിടെയാണ് പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.
അതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജീവനക്കാരനെ പോലീസ് പിടികൂടി. ശേഷം സ്‌കൂളിലും പരിശോധന നടത്തി. കൂടുതല്‍ കുട്ടികള്‍ക്ക് ഇത്തരത്തില്‍ സ്റ്റാമ്പ് ചെയ്ത ഉത്തരക്കടലാസുകള്‍ കൈമാറിയതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാരനും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
56 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഉത്തര്‍പ്രദേശില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി ബോര്‍ഡ് പരീക്ഷ എഴുതുന്നത്. പരീക്ഷാത്തട്ടിപ്പില്‍ കൂടുതല്‍ സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post