ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രയത്‌നത്തിലാണ് സര്‍ക്കാര്‍ ഇപ്പോഴെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവില്‍ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഡല്‍ഹിയില്‍ എവിടെനിന്നും പുറത്തുവന്നിട്ടില്ലെന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമം അരങ്ങേറിയതിന് പിന്നാലെ നിരവധി പേര്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്. ഇവരെ തിരികെ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലാപത്തിന് ഇരയായവരുടെ വീടുകളില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടുമാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നും 18 സബ് ഡിവിഷനുകളാണ് കലാപം ബാധിച്ചവയെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടുമാര്‍ തകര്‍ന്ന വീടുകളുടെയും കടകളുടെയും നാശനഷ്ടങ്ങള്‍ വിലയിരുത്തുമെന്നും കലാപത്തിന് ഇരയായവര്‍ക്ക് രാത്രി സുരക്ഷിതമായി തങ്ങാനുള്ള താത്കാലിക സൗകര്യം സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തന്നെ ഒരുക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.
കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഞായറാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങും. കലാപത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പത്തു ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമത്തില്‍ വീടോ കടയോ നഷ്ടപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപവീതം നഷ്ടപരിഹാരം നല്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്ന 69 അപേക്ഷകളാണ് ഇതിനോടകം ലഭിച്ചതെന്നും അപേക്ഷകര്‍ക്ക് ഞായറാഴ്ചതന്നെ നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post