ന്യൂഡല്‍ഹി; തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു മുന്‍ വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോര്‍ രാജ്യസഭ എംപിയാകുമെന്ന് സൂചന. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായി ബംഗാളില്‍ നിന്ന് പ്രശാന്ത് കിഷോര്‍ രാജ്യസഭയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാര്‍ച്ച് 26നാണ് ബംഗാളിലെ രാജ്യസഭ എംപി തെരഞ്ഞെടുപ്പ്. രാജ്യസഭയിലേക്ക് പുതുമുഖങ്ങളെ അയക്കണമെന്ന മമതയുടെ നിര്‍ബന്ധമാണ് പ്രശാന്തിന്റെ രംഗപ്രവേശത്തിന് പിന്നില്‍. പ്രശാന്ത് കിഷോറിനെ രാജ്യസഭയിലെത്തിച്ചാല്‍ ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നേട്ടമാകുമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍.
ദേശീയ രാഷ്ട്രീയത്തില്‍ സജീവമായ പുതിയ നേതാക്കള്‍ വേണമെന്നും ബിജെപിക്കെതിരെ രാജ്യസഭയില്‍ പ്രശാന്ത് കിഷോറിന് ശക്തമായ ശബ്ദമായി മാറാന്‍ കഴിയുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അഞ്ച് സീറ്റുകളാണ് ബംഗാളില്‍ നിന്ന് ഒഴിവ് വരുന്നത്. ഇതില്‍ നാലെണ്ണം തൃണമൂലിനുള്ളതാണ്. അഞ്ചാമത്തെ എംപിയായി കോണ്‍ഗ്രസിനും സിപിഎമ്മിനും സഖ്യമായി ഒരാളെ രാജ്യസഭയിലേക്ക് അയക്കാം.
ബംഗാളില്‍ നിന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ ബംഗാള്‍ സിപിഎം ആലോചിച്ചിരുന്നു.
Discussion about this post