ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹി കലാപത്തിൽ കത്തിയമരുമ്പോൾ അക്രമികളിൽ നിന്നും സാധാരണക്കാരായ മുസ്ലിം കുടുബങ്ങളെ രക്ഷിച്ച് മനുഷ്യത്വത്തിന്റെ മുഖമായി സിഖ് മതവിശ്വാസികളായ മൊഹീന്ദർ സിങും മകൻ ഇന്ദർജിത് സിങും.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗോകുൽപുരിയിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ മുസ്ലിം കുടുംബങ്ങളെ തങ്ങളുടെ ബൈക്കുകളിൽ കയറ്റി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു ഈ പിതാവും മകനും. 20 തവണയോളമാണ് ഇരുവരും ഗോകുൽപുരിയിലെ മുസ്ലിം കുടുംബങ്ങളെ രക്ഷിക്കാനായി ബുള്ളറ്റിലും സ്കൂട്ടറിലുമായി പാഞ്ഞത്. അക്രമം ഭയന്ന് പലരും സഹായിക്കാൻ മടിച്ച് നിന്നപ്പോൾ ഈ അച്ഛനും മകനും ചേർന്ന് രക്ഷിച്ചത് 80ൽ അധികം പേരെയാണ്.
ജയ് ശ്രീറാം വിളിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുദ്രാവാക്യം വിളിച്ചുമാണ് കലാപകാരികൾ എത്തിയത്. ഇവർ ഗോകുൽപുരി വളഞ്ഞപ്പോൾ പരിഭ്രാന്തരായ മുസ്ലിം സഹോദരന്മാർ സമീപത്തെ പള്ളിക്ക് സമീപം തടിച്ചു കൂടുകയായിരുന്നു. പെട്ടെന്ന് ഗോകുൽപുരിയിൽ നിന്ന് രക്ഷപ്പെടണമെന്ന തീരുമാനം എടുത്തതും ഇവിടെ നിന്നായിരുന്നെന്ന് മൊഹീന്ദർ സിങ് പറഞ്ഞു. 1984ലെ സിഖ് കലാപത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു സംഭവങ്ങളെന്ന് മൊഹീന്ദർ പറയുന്നു. കലാപം വലിയ മുറിവുകളാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചില മുസ്ലിം യുവാക്കളെ സിഖ് തലപ്പാവുകൾ ധരിപ്പിച്ചാണ് കലാപകാരികളിൽ നിന്ന് ഇവർ രക്ഷപ്പെടുത്തിയത്. മൊഹീന്ദർ സിങും മകനും രക്ഷപ്പെടുത്തിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരുണ്ട്. ഡൽഹിയിൽ ഇലക്ട്രോണിക്സ് കട നടത്തുകയാണ് 55 കാരനായ മൊഹീന്ദർ സിങ്. കലാപം പൊട്ടിപുറപ്പെട്ട രാത്രിയിൽ ഹിന്ദുവിനെയോ മുസ്ലിമിനെയോ കണ്ടില്ല മനുഷ്യരെ മാത്രമാണ് കണ്ടതെന്ന് മൊഹീന്ദർ സിങ് പറയുന്നു.
ഡൽഹി കലാപത്തിൽ 43 പേരാണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ് നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Discussion about this post