ന്യൂഡൽഹി: കോൺഗ്രസ് ബിജെപിയെ രാജധർമം (ഭരണ കർത്തവ്യം) സംബന്ധിച്ച് ഉപദേശിക്കേണ്ട എന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ ധാർഷ്ട്യത്തിന് മറുപടിയുമായി കോൺഗ്രസ് എംപി കപിൽ സിബൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ വാജ്പേയി ഉപദേശം നൽകിയത് ഓർമ്മിപ്പിച്ചാണ് കപിൽ സിബൽ രംഗത്തെത്തിയിരിക്കുന്നത്.
2002 ഗുജറാത്ത് കലാപത്തെ തുടർന്ന് ഒരു വാർത്താസമ്മേളനം നടത്തുന്നതിനിടെ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ പരാമർശമാണ് കപിൽ സിബൽ തുറന്നുകാണിക്കുന്നത്. ‘രാജധർമം നിറവേറ്റുക’ ഇതായിരുന്നു വാജ്പേയി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടത്.
ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ കണ്ട കോൺഗ്രസ് നേതാക്കൾ കേന്ദ്ര സർക്കാരിനോട് രാജധർമം നിറവേറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതേതുടർന്ന് ബിജെപി നേതാക്കൾ കോൺഗ്രസിനെതിരേയും സോണിയാ ഗാന്ധിക്കെതിരേയും രംഗത്തെത്തിയത്.
രാജധർമത്തെ കുറിച്ച് കോൺഗ്രസ് ഉപദേശ പ്രസംഗം നടത്തരുതെന്നായിരുന്നു മന്ത്രി രവിശങ്കർ പ്രസാദിന്റെ വാക്കുകൾ. ഇതിന് പിന്നാലെയാണ് കപിൽ സിബൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഗുജറാത്തിൽ വാജ്പേയി നൽകിയ ഉപദേശം നിങ്ങൾ കേൾക്കാത്താപ്പോൾ ഞങ്ങൾക്കെങ്ങനെ ഉപദേശ പ്രസംഗ നടത്താൻ സാധിക്കും മന്ത്രീ.. കേൾക്കുക, പഠിക്കുക, ഭരണകർത്തവ്യം നിറവേറ്റുക എന്നിവയൊന്നും നിങ്ങളുടെ സർക്കാരിന് പറഞ്ഞല്ല’ കപിൽ സിബൽ പറയുന്നു.
Discussion about this post