ന്യൂഡൽഹി: രാജ്യത്തിനെ ലോകരാജ്യങ്ങൾക്ക് മുന്നിൽ തന്നെ നാണെകെടുത്തിയ രാജ്യതലസ്ഥാനത്തെ അക്രമസംഭവങ്ങൾ കെട്ടടങ്ങുന്നതിനിടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. വർഗ്ഗീയമായ ഏറ്റമുട്ടലുണ്ടായ വടക്ക്-കിഴക്കൻ ഡൽഹിയിൽ അക്രമിക്കപ്പെട്ടവയിൽ ബിഎസ്എഫ് ജവാന്റെ വീടും ഉൾപ്പെടുന്നു. രാജ്യസേവനം നടത്തുന്ന സൈനികന്റെ വീട് അക്രമികൾ അഗ്നിക്കിരയാക്കിയത് അദ്ദേഹം മുസ്ലീം മത വിശ്വാസിയാണെന്ന ഒറ്റക്കാരണത്താലാണെന്നത് സമൂഹമനസാക്ഷിക്ക് തന്നെ ഞെട്ടലുണ്ടാക്കുകയാണ്. മുഹമ്മദ് അനീസെന്ന സൈനികനും കുടുംബത്തിനുമാണ് ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത്. കലാപകാരികൾ വീടുകൾ തെരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോൾ വീടിനു പുറത്ത് വെച്ചിരിക്കുന്ന സൈനികനാണെന്ന നെയിംപ്ലേറ്റ് കണ്ട് അക്രമികൾ പിന്തിരിയുമെന്നാണ് കുടുംബം കരുതിയതെങ്കിലും എല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു അക്രമികളുടെ നടപടി.
അനീസിന്റെ വീട് നിൽക്കുന്ന ഖാസ് ഖജൂരി ഏരിയയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അക്രമകാരികൾ നാശം വിതച്ചത്. അക്രമികൾ മുസ്ലീങ്ങളുടെ വീടുകൾ തിരഞ്ഞ് ആക്രമിക്കുകയാണെന്ന് വിവരം ലഭിച്ചെങ്കിലും സൈനികനാണെന്ന ബോർഡ് തങ്ങളെ തുണക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ അതുകൊണ്ട് കാര്യമുണ്ടായിരുന്നില്ലെന്നാണ് അനീസ് പറയുന്നു.
വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം പുറത്ത് നിർത്തിയിട്ടിരുന്ന കാറിനും തീവെച്ചു. പിന്നീട് വീടിനുനേരെ കല്ലെറിഞ്ഞു. ‘ഇവിടെ വാ പാകിസ്താനീ, ഞങ്ങൾ നിനക്ക് പൗരത്വം നൽകാം’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ആക്രമണമെന്ന് അനീസ് പറയുന്നു. കല്ലേറിനു പിന്നാലെ ഗ്യാസ് സിലിണ്ടർ വലിച്ചെറിഞ്ഞായിരുന്നു സംഘം തീയിട്ടത്.
2013ൽ ബിഎസ്എഫിൽ സർവീസിൽ പ്രവേശിച്ചയാളാണ് അനീസ്. മൂന്നുവർഷമായി ജമ്മു കശ്മീരിൽ ഡ്യൂട്ടി നോക്കുകയാണ് ഇദ്ദേഹം. അനീസിനു പുറമെ പിതാവ് മൊഹമ്മദ് മുനിസ് (55), അമ്മാവൻ മൊഹമ്മദ് അഹമ്മദ് (59) പതിനെട്ടുകാരിയായ ബന്ധു നേഹ പർവീൺ എന്നിവരാണ് അക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരെല്ലാം ഇവിടെന്ന് നിന്ന് ജീവനുകൊണ്ട് പാലായനം ചെയ്യുകയായിരുന്നു. ഒടുവിൽ ഡൽഹിയിലെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന അർധ സൈനിക വിഭാഗമാണ് ഇവരുടെ സഹായത്തിനെത്തിയത്. ഏപ്രിലിൽ നേഹയുടെയും അതിനു പിന്നാലെ അനീസിന്റെയും വിവാഹം നടക്കാനിരുന്ന വീടാണ് അക്രമികൾ തീയിട്ട് നശിപ്പിച്ചത്.
Discussion about this post