തിരുവനന്തപുരം: 2005 ഒക്ടോബര്‍ 12 നാണ് ജനാധിപത്യം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവരാവകാശ നിയമം നിലവില്‍ വന്നത്. ഇന്നേക്ക് 13 വര്‍ഷം. എന്നാല്‍ വിവരാവകാശ അപേക്ഷകളുടെ എണ്ണം ഓരോ വര്‍ഷം കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ സര്‍ക്കാര്‍ ഭരണനിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്കുന്ന ഒരു സുപ്രധാന നിയമമാണ് വിവരാവകാശ നിയമം. കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാണെന്ന് അവകാശപ്പെടുമ്പോഴും ഇപ്പോഴും അപേക്ഷ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാന്‍ സംവിധാനങ്ങള്‍ ആയിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് 42,469 അപേക്ഷകളാണ്. അതില്‍ പരിഹരിക്കാനുളളത് 14506 എണ്ണം.
മിക്ക അപേക്ഷകളിലും മറുപടി കിട്ടാന്‍ ഇനിയും കാലതാമസമെടുക്കും. അപേക്ഷകളും മറുപടിയും ഓണ്‍ലൈന്‍ ആകാത്തതാണ് പ്രധാന കാരണം. ഇതുമൂലം അപേക്ഷകള്‍ നല്കാന് പോലും ജനങ്ങള്‍ മടിക്കുന്നു. ഒറ്റവരിയിലുളള മറുപടിയിലൂടെ പല അപേക്ഷകളും തള്ളുന്നതും പതിവായതോടെ ദേശീയതലത്തില്‍ അപേക്ഷകളുടെ എണ്ണം 6 % കുറഞ്ഞു. അതിനിടയിലാണ് ഭേദഗതിയിലൂടെ നിയമം ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന പരാതി ഉയരുന്നത്.
2005 ജൂണ്‍ 15 ന് പാര്‍ലമെന്റ് പാസ്സാക്കിയ നിയമം 2005 ഒക്ടോബര്‍ 12 നാണ് പ്രാബല്യത്തില്‍ വന്നത്. വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേല്‍നോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങള്‍ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാര്‍സഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകര്‍ക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
Discussion about this post