ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപ ബാധിത മേഖലകള്‍ ഇടതുപക്ഷ എംപിമാരും നേതാക്കളും സന്ദര്‍ശിച്ചു. എംപിമാരായ കെ കെ രാഗേഷ്, ബിനോയ് വിശ്വം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് മൈമുനമൊള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്. കലാപ ബാധിത മേഖലകളില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് നേതാക്കള്‍ സന്ദേശം നല്കി.
ആക്രമണം നടന്ന ചാന്ദ്ബാഗിലും ബ്രിജ്പൂരിയിലും എത്തിയ സംഘം ആക്രമണത്തിനിരയായ നിരവധി വീടുകള്‍ കടകളും സന്ദര്‍ശിച്ചു. അക്രമികള്‍ കത്തിച്ച ബ്രിജ്പൂരിലെ അരുണ്‍ മോഡേണ്‍ പബ്ലിക് സീനിയര്‍ സെക്കന്ററി സ്കൂളിന്റെ ഉടമയായ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ഭീഷ്മ ശര്‍മയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇവിടം സംഘര്ഷബാധിതമായതിനാല് കോണ്‍ഗ്രസ് നേതാക്കളാരും സന്ദര്‍ശിച്ചിട്ടില്ലെന്ന് ശര്‍മ നേതാക്കളോട് പറഞ്ഞു.
മതം തിരിഞ്ഞ് അക്രമികള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്ത സോണിയവിഹാറിലെ കടകളും വീടുകളും സന്ദര്‍ശിച്ച നോതാക്കളോട് പ്രദേശവാസികള്‍ തങ്ങളുടെ ഉള്ളിലെ ഭീതിയും ആശങ്കകളും തുറന്ന് പറഞ്ഞു. പുറത്തുനിന്നുള്ള അക്രമികള്‍ മുഖം മറച്ചെത്തിയാണ് അക്രമം നടത്തിയതെന്നും ഹിന്ദു-മുസ്ലിം വേര്‍തിരിവില്ലാതെ കഴിയുന്ന മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ‘ജയ്ശ്രീറാം’ മുഴക്കിയാണ് അക്രമികളെത്തിയതെന്നും ജനങ്ങള്‍ പറഞ്ഞു.
കലാപബാധിത മേഖലയില്‍ നടത്തിയ സന്ദര്‍ശനത്തിനുശേഷം ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ കെ കെ രാഗേഷും ബിനോയ് വിശ്വവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തുനല്‍കി. അതേസമയം അക്രമസംഭവങ്ങളില്‍ കേസെടുത്ത് നഷ്ടപരിഹാരം ലഭ്യമാക്കാനും കുറ്റവാളികളെ കണ്ടെത്താനും അടിയന്തര നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ സോണിയ വിഹാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതിയും നല്കി.
സിഐടിയു സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, രാജീവ് തീവാരി, ആശ ശര്‍മ തുടങ്ങിയവരും എംപിമാര്ക്കൊപ്പമുണ്ടായിരുന്നു. ആക്രമണത്തിന് ഇരയാവുകയും സാക്ഷ്യം വഹിക്കുകയും ചെയ്തവരെ സന്ദര്‍ശിച്ച് മതസൗഹാര്‍ദ്ദം തകര്ക്കാനുള്ളശ്രമങ്ങള്ക്ക് ഐക്യം കൊണ്ട് മറുപടി നല്‍കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
പ്രതികരിക്കാതെ ഡല്‍ഹിയിലെ കലാപം നോക്കിനിന്ന ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട കെകെ രാഗേഷ് കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ സമാധാനത്തിനായി മുന്‍കൈ എടുക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി. സമാധാനം ഉറപ്പാക്കാന്‍ എല്ലാ മതസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും ഒന്നടങ്കം രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
അക്രമികള്‍ക്കും കാഴ്ചക്കാരായിനിന്ന പോലീസുകാര്‍ക്കുമെതിരെ ശക്തമായ നടപടിവേണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇരുവിഭാഗങ്ങളിലും സാധാരണക്കാരാണ് കലാപത്തിന്റെ ഇരകള്‍. മതഭ്രാന്തന്മ്മാര് അവസരം മുതലെടുത്ത് അഴിഞ്ഞാടുകയാണെന്നും പോലീസിന്റെ കുറ്റകരമായ നിസംഗതയാണ് വലിയ മരണത്തിനും നാഷനഷ്ടത്തിനും ഇടയാക്കിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
Discussion about this post