ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. രാജധര്‍മത്തെ കുറിച്ച് സോണിയ ഗാന്ധി സദാചാര പ്രസംഗം നടത്തരുതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് തങ്ങള്‍ക്ക് രാജധര്‍മം (ഭരണ കര്‍ത്തവ്യം) പഠിക്കേണ്ടതില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് കോണ്‍ഗ്രസുകാരെന്നും അദ്ദേഹം ആരോപിച്ചു.
ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് രാജധര്‍മം നിറവേറ്റാന്‍ ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.
സമാധാനം, ഐക്യം എന്നിവയെ കുറിച്ച് നാം എല്ലാവരും ഒറ്റക്കെട്ടായി സംസാരിക്കേണ്ട സന്ദര്‍ഭത്തിലാണ് വിഷയം രാഷ്ട്രീയവത്കരിക്കുന്നത്. ബിജെപി ഇതില്‍ അപലപിക്കുന്നു. രാജധര്‍മത്തെ കുറിച്ച് സോണിയയും പ്രിയങ്കയും പ്രസംഗിക്കേണ്ടതില്ല. നിയമലംഘനങ്ങളുടെ വലിയൊരു റെക്കോര്‍ഡുകളാണ് നിങ്ങള്‍ക്കുള്ളത് എന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
വോട്ട്ബാങ്കിനായി ആളുകളെ ഒരു തരത്തിലും പ്രകോപിപ്പിക്കരുത്. എന്‍പിആര്‍ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ ശരിയാണ്. ഞങ്ങള്‍ ചെയ്യുമ്പോള്‍ അത് തെറ്റാകുന്നു. ഇതാണ് നിങ്ങളുടെ രാജധര്‍മമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post