ന്യൂഡൽഹി: ഡൽഹിയിലുണ്ടായ കലാപത്തെ സംബന്ധിച്ച വിദ്വേഷ പ്രസംഗങ്ങളിൽ പ്രതിപക്ഷ നേതാക്കളുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡൽഹി പോലീസിനും കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചു. ഡൽഹി പോലീസ് കമ്മീഷണർ, കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ എന്നിവർക്കാണ് ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ഹരി ശങ്കർ എന്നിവരുടെ ബഞ്ച് നോട്ടീസ് അയച്ചത്. കലാപം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ആം ആപ്പ് നേതാവായ മനീഷ് സിസോദിയ, വാരിഷ് പത്താൻ, എംപി അസദുദ്ദീൻ ഒവൈസി തുടങ്ങിയവർക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെടുന്നതാണ് ഹർജി. ലോയേഴ്സ് വോയ്സ് എന്ന സംഘടന നലൽകിയിരിക്കുന്ന ഹർജിയിൽ ഇവർക്കെതിരെ അന്വേഷണത്തിന് കോടതി നിർദേശം നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് അന്വേഷിക്കണമെന്ന ഹർജിയിലും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അജയ് ഗൗതം എന്നയാളാണ് ഹർജി നൽകിയത്.
Discussion about this post