ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ചവിട്ടേറ്റ ഗര്‍ഭിണി ആണ്‍കുഞ്ഞിന് ജന്മം നല്കി. 30 കാരിയായ ശബാന പര്‍വീണിനാണ് അക്രമികളുടെ മര്‍ദ്ദനമേറ്റത്. ഇരുവരും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിനിടെയാണ് പര്‍വീണും കുടുംബവും ആക്രമിക്കപ്പെട്ടത്. 20 ഓളം അക്രമികള്‍ വീട്ടിലേക്ക് ഇരച്ചു കയറിയെത്തിയെന്നും മകനെ നിലത്തിട്ട് ചവിട്ടുകയും മക്കളെ ആക്രമിക്കുകയും ചെയ്തുവെന്നും പര്‍വീണിന്റെ ഭര്‍തൃമാതാവ് പറയുന്നു.
ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ പര്‍വീണിനെയും അവര്‍ ഇടിക്കുകയും അടിവയറില്‍ തൊഴിക്കുകയും നിലത്തിട്ട് ചവിട്ടിക്കൂട്ടിയെന്നും നസീമ കൂട്ടിച്ചേര്‍ത്തു. ഇത് തടയുന്നതിനായി ഇടയ്ക്ക് കയറിയ നസീമയെയും സംഘം ആക്രമിച്ചു. മക്കളെ ഇരുവരെയുമായി ഓടി പുറത്തിറങ്ങുമ്പോഴേക്കും വീട് കൊള്ളയടിച്ച ശേഷം അക്രമികള്‍ തീ കൊളുത്തി.
ജീവന് തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ പര്‍വീണിനെ ഇവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് എത്തിച്ചതിനാലാണ് അമ്മയുടെയും കുഞ്ഞിന്റേയും ജീവന് രക്ഷിക്കാനായതെന്ന് ഡോക്ടര്‍ പറയുന്നു. ആശുപത്രിയില്‍ നിന്നും പര്‍വീണിനെ ഡിസ്ചാര്‍ജ് ചെയ്താല്‍ എവിടേക്ക് പോകുമെന്നറിയാതെ നില്‍ക്കുകയാണ് ഇവര്‍.
Discussion about this post