ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മീഷണറായി എസ്എന്‍ ശ്രിവാസ്തവയെ നിയമിച്ചു. നിലവിലെ കമ്മീഷണര്‍ അമൂല്യ പട്നായിക് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് പകരക്കാരനായി ശ്രീവാസ്തവയെ നിയമിക്കുന്നത്.
നിലവില്‍ ഡല്‍ഹി പോലീസില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മിഷണറാണ് എസ്എന്‍ ശ്രീവാസ്തവ. ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ ഡല്‍ഹി പോലീസിനായില്ലെന്ന ആക്ഷേപം നിലനില്‍ക്കെയായിരുന്നു ഡല്‍ഹി പോലീസില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മിഷണറായി ശ്രീവാസ്തവയെ നിയമിച്ചത്.
ശ്രിവാസ്തവ 1985 ബാച്ച് അരുണാചല്‍ പ്രദേശ്-ഗോവ-മിസോറാം കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ജനുവരിയില്‍ കാലാവധി അവസാനിച്ച അമൂല്യ പട്നായികിന് ഒരു മാസം സര്‍ക്കാര്‍ സര്‍വീസ് നീട്ടി നല്കിയതായിരുന്നു.
അതിനിടെ കലാപഭൂമിയായി മാറിയ ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സ്ഥിതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. ചാന്ദ്ബാഗ് മേഖലയില്‍ കടകള്‍ തുറക്കാന്‍ ആരംഭിച്ചതായും ജനജീവിതം സാധാരണ നിലയിലാവുന്നതിന്റെ ലക്ഷണമാണിതെന്നും ഡല്‍ഹി പോലീസ് ജോയിന്റ് കമ്മിഷണര്‍ ഒപി മിശ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post