ഹൈദരാബാദ്: സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനും വാട്സ്ആപ്പിനും ടിക് ടോക്കിനുമെതിരെ കേസ്. ക്രിമിനല്‍ കുറ്റം ചുമത്തിയാണ് ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹ സന്ദേശങ്ങളും മതസൗഹാര്‍ദം കളങ്കം വരുത്തുന്നതുമായ പോസ്റ്റുകള്‍ പ്രചരിച്ചെന്ന ആരോപണത്തിലാണ് നടപടി.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് 2000 ന് പുറമെ ഐപിസിയിലെ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ വരുംദിവസങ്ങളില്‍ തന്നെ നോട്ടീസ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സില്‍വേരി ശ്രീശൈലം സമര്‍പ്പിച്ച ഹര്‍ജിയില്‍ നമ്പള്ളി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ടിക് ടോക്കും വാട്സ്ആപ്പും ഉപയോഗിക്കുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്. ‘ പാകിസ്താനില്‍ നിന്നുള്ള ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍സിക്കും എതിരെ സന്ദേശങ്ങളും വീഡിയോകളും പോസ്റ്റുചെയ്യുന്നു. മാത്രമല്ല അവ ഇന്ത്യയില്‍ വൈറലാകുകയും ചെയ്യുന്നു’, പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
Discussion about this post