ന്യൂഡൽഹി: 38 പേരുടെ ജീവനപഹരിച്ച ഡൽഹിയിലെ കലാപത്തിന് ശമനം. ശക്തമായ സുരക്ഷാ വിന്യാസമാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. സംഘർഷങ്ങൾ നിയന്ത്രിക്കാൻ 70 കമ്പനി അർധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 100 പേരുൾപ്പെടുന്ന 70 കമ്പനി അർധസൈനികരെയാണ് വടക്കു കിഴക്കൻ ഡൽഹിയിൽ എത്തിച്ചിട്ടുള്ളത്.
ഡൽഹി പോലീസിന്റെ നിയന്ത്രണത്തിൽ തന്നെയാണ് സുരക്ഷാവിന്യാസം. സംശയിക്കപ്പെടുന്ന 514 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ എണ്ണം വർധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാത്രി ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ഭല്ലയുടേയും ഡൽഹി പോലീസ് കമ്മീഷണർ അമുല്യ പട്‌നായിക്കിന്റെയും സാന്നിധ്യത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രശ്‌ന പരിഹാരത്ിനായി സജീവമായി ഇടപെട്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഇടപെടലുകളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പരാമർശമില്ല. കഴിഞ്ഞ 48 മണിക്കൂറിനിടെ അജിത് ഡോവൽ രണ്ടു തവണ കലാപ മേഖലകൾ സന്ദർശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു.
ഡൽഹിയിൽ ആകെയുള്ള 203 പോലീസ് സ്റ്റേഷനുകളിൽ 12 സ്റ്റേഷനുകളുടെ പരിധിയിലാണ് കലാപമുണ്ടായത്. കഴിഞ്ഞ 36 മണിക്കൂറിനിടെ കാര്യമായ അക്രമ സംഭവങ്ങളൊന്നും ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Discussion about this post