ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേശീയ പൗരത്വ ഭേദഗതി പട്ടികയ്‌ക്കെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് നസീം ഖാന്‍. നിതീഷ് കുമാര്‍ ബിഹാറില്‍ നടപ്പാക്കിയ സമാന രീതി എന്‍ആര്‍സിയിലും എന്‍പിആറിലും സ്വീകരിക്കണമെന്ന് നസീം ഖാന്‍ ഉദ്ധവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
” എന്‍ആര്‍സിയിലും എന്‍പിആറിലും മഹാവികാസ് അഘാഡി സര്‍ക്കാര്‍ നയം വ്യക്തമാക്കണം. ബിഹാറില്‍ നിതീഷ്‌കുമാര്‍ സ്വീകരിച്ച അതേ നിലപാട് എന്‍ആര്‍സിയിലും എന്‍പിആറിലും സ്വീകരിക്കണം,” ഖാന്‍ പറയുന്നു. ദേശീയ ജനസംഖ്യപട്ടിക സംബന്ധിച്ചും പൗരത്വ പട്ടിക സംബന്ധിച്ചും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും അജിത് പവാറുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.
2010 ല്‍ നടന്ന രീതിയില്‍ മാത്രമേ സെന്‍സസ് നടത്താന്‍ പാടുള്ളൂ എന്നും നസീം ഖാന്‍ ആവശ്യപ്പെട്ടു. എന്‍പിആറിലും എന്‍ആര്‍സിയിലും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്ലെല്ലാം എന്‍പിആറിനും എന്‍ആര്‍സിക്കും എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സമാനമായ തീരുമാനം മഹാരാഷ്ട്രയിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നസീന്‍ ഖാന്‍ പറയുന്നു.
Discussion about this post