ന്യൂഡൽഹി: കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കലാപത്തിന് വഴിയൊരുക്കിയെന്ന ആരോപണം ശക്തമായിരിക്കെ അദ്ദേഹത്തിനെതിരെ തൽക്കാലം കേസെടുക്കില്ലെന്ന് ഡൽഹി പോലീസ്. പ്രസംഗത്തിനെതിരെ കേസെടുക്കുന്നില്ലെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിക്കുകായിരുന്നു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ ഹർഷ് മന്ദർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഡൽഹി പോലീസ് നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിച്ചത്.
അതേസമയം വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
കോടതി നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഡൽഹി പോലീസിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്ത സത്യവാങ്മൂലം സമർപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്വേഷപ്രസംഗങ്ങൾ നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് പോലീസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. കേസുകൾ രജിസ്റ്റർ ചെയ്താൽ അത് സമാധാന അന്തരീക്ഷത്തെ തകർക്കും. കേസുകളെടുക്കുന്നത് ഡൽഹിയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാനേ ഉപകരിക്കൂവെന്നും ഡൽഹി പോലീസ് പറഞ്ഞു.
രണ്ടോ മൂന്നോ വീഡിയോ ക്ലിപ്പുകൾ മാത്രമാണ് ഹർജിക്കാർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിലും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ ഈ കാലഘട്ടത്തിൽ ഡൽഹിയിൽ നടന്നിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. പോലീസിനെ സംബന്ധിച്ചിടത്തോളം ഒന്നോ രണ്ടോ പേർക്കെതിരെ മാത്രം കേസെടുക്കുക സാധ്യമല്ല. ഇക്കാര്യത്തിൽ വിശദമായി അന്വേഷിച്ചതിന് ശേഷം മാത്രമേ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കൂവെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസിൽ കക്ഷിചേർക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്ത കോടതിയോട് അഭ്യർത്ഥിച്ചു. ആളുകൾ ദിവസവും മരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ഹർജികൾ അടിയന്തരമായി കേൾക്കണമെന്നും ഹർഷ് മന്ദറിന് വേണ്ടി ഹാജരായ അഡ്വ. കോളിൻ ഗോൺസാൽവെസ് ആവശ്യപ്പെട്ടു. എന്നാൽ സോളിസിറ്റർ ജനറലിന്റെ അഭ്യർഥന സ്വീകരിച്ച് കേസ് ഏപ്രിൽ 13 ലേക്ക് മാറ്റിവെക്കുകയാണ് കോടതി ചെയ്തത്.
Discussion about this post