ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധറിനെ അർധരാത്രിയിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ കോൺഗ്രസ്. ഡൽഹി കത്തിയെരിയാൻ കാരണമായ തരത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട അന്നുതന്നെ ജഡ്ജിയെ സ്ഥലംമാറ്റിയത് കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
തീർത്തും സങ്കടകരമായ നാണം കെട്ട പ്രവൃത്തിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നായിരുന്നു പ്രിയങ്കയുടെ വിമർശനം. ‘നിലവിലെ സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ ജസ്റ്റിസ് മുരളീധറിന്റെ സ്ഥലമാറ്റം ഞെട്ടലൊന്നും ഉണ്ടാക്കുന്നില്ല, പക്ഷെ ഇത് ശരിക്കും ദുഃഖകരമാണ്. ലജ്ജാകരമാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് നീതിയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന നിയമസംവിധാനത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്. എന്നാൽ നീതിയുടെ വായ്മൂടിക്കെട്ടി ജനങ്ങൾക്ക് അതിനോടുള്ള വിശ്വാസം തകർക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ തീർത്തും നിന്ദ്യാർഹമാണ്..’ പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
അതേസമയം, മരണപ്പെട്ട ജസ്റ്റിസ് ലോയയെ അനുസ്മരിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരിച്ചത്. സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജഡ്ജി ലോയയെ ഓർക്കുന്നു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു.
Discussion about this post