ന്യൂഡൽഹി: ഡൽഹിയിലെ സംഘർഷത്തിലും കലാപത്തിലും മരിച്ചവരുടെ എണ്ണം 34 ആയി. ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ ഇന്ന് ഒരാൾ കൂടി മരിച്ചു. 150 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ കലാപത്തിൽ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ‘ഡൽഹിയിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളിൽ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം’ യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.
അതേസമയം, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ ഗൗരവമായ ശ്രമങ്ങൾ നടത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.
ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും, ന്യൂനപക്ഷങ്ങൾക്കും അവരുടെ വീടുകൾക്കും കടകൾക്കും ആരാധനാലയങ്ങൾക്കുമെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും തങ്ങൾക്ക് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നു. ഉത്തരവാദിത്തമുള്ള ഏതൊരു സർക്കാരിന്റേയും കടമകളിലൊന്ന് പൗരന്മാർക്ക് സംരക്ഷണവും ശാരീരിക സുരക്ഷയും നൽകുക എന്നത്. ജനക്കൂട്ടം അക്രമത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലീങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കാൻ ഗൗരവമായ ശ്രമങ്ങൾ നടത്താൻ ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്യ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post