ന്യൂഡൽഹി: ഡൽഹിയിൽ കലാപം നടത്താൻ ആഹ്വാനം ചെയ്ത് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാതെ ഒളിച്ചുകളിക്കുന്ന ഡൽഹിപോലീസിനെ വിമർശിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെയാണ് സ്ഥലം മാറ്റിയത്. ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ബുധനാഴ്ച അർധരാത്രിയോടെ സർക്കാർ പുറത്തിറക്കി.
നേരത്തേയുള്ള കൊളീജിയം ശുപാർശ പ്രകാരം പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റം. കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗ കേസ് വ്യാഴാഴ്ച പരിഗണിക്കുന്നത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചായിരിക്കും. അദ്ദേഹം അവധിയായതിനാൽ ബുധനാഴ്ച കേസ് പരിഗണിച്ചത് ജസ്റ്റിസ് എസ് മുരളീധർ അധ്യക്ഷനായ ബെഞ്ചായിരുന്നു.
കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, അഭയ് വർമ, പർവേശ് വർമ എന്നീ ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീയം ഫെബ്രുവരി 12-നാണ് മുരളീധറിനെ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഇക്കാര്യം നടപ്പാക്കിയിരുന്നില്ല. പക്ഷെ, വിമർശനം നടത്തിയതിന് പിന്നാലെ രാത്രിക്ക് രാത്രി അദ്ദേഹത്തെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയം ബുധനാഴ്ച രാത്രി നടപ്പാക്കുകയായിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ഉത്തരവെന്നാണ് നിയമമന്ത്രാലയം പറയുന്നത്. മുരളീധറിനെ സ്ഥലംമാറ്റാനുള്ള ശുപാർശ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഡൽഹി ബാർ അസോസിയേഷൻ സുപ്രീംകോടതി കൊളീജിയത്തെ സമീപിച്ചിരുന്നു.
രാജ്യത്ത് മറ്റൊരു 1984 ആവർത്തിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് ബുധനാഴ്ച വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് മുരളീധർ പറയുകയുണ്ടായി. അക്രമം ചെറുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Discussion about this post