ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് രംഗത്ത്. ഡല്‍ഹിയിലെ കലാപങ്ങള്‍ക്ക് ഉത്തരവാദി കപില്‍ മിശ്രയാണെന്ന് ചൂണ്ടിക്കാട്ടി ബൃന്ദാ കാരാട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.
ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മടങ്ങുംവരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും അത് കഴിഞ്ഞാല്‍ സിഎഎയ്ക്കെതിരെ സമരം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നുമായിരുന്നു കപില്‍ മിശ്ര പറഞ്ഞത്. പ്രസംഗത്തിനിടെയായിരുന്നു കപില്‍ മിശ്രയുടെ വിവാദ പരാമര്‍ശം.
”പോലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോകും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിന് ശേഷം അനുനയ നീക്കവുമായി പോലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ല.” -കപില്‍ മിശ്ര പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ ശക്തമായ പ്രക്ഷോഭമാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്. ഈ സാഹചര്യത്തിലായിരുന്നു പോലീസിന് മുന്നറിയിപ്പുനല്‍കി കപില്‍ മിശ്ര രംഗത്തെത്തിയത്. ഡല്‍ഹിയില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 185 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ പലയിടങ്ങളിലും സംഘര്‍ഷത്തിന് അയവുണ്ടെങ്കിലും ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമായി തുടരുകയാണ്.
Discussion about this post