ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗം വിളിച്ച് ചേര്‍ത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സായുധകലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്നതിനിടെയും സംഘര്‍ഷം തടയുന്നതില്‍ ഡല്‍ഹി പോലീസ് പരാജയപ്പെട്ടെന്ന് ആക്ഷേപം നിലനില്‍ക്കെയുമാണ് അമിത് ഷാ വീണ്ടും യോഗം വിളിച്ചത്.
പുതിയതായി നിയമിച്ച സ്‌പെഷ്യല്‍ ഡല്‍ഹി കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവയും മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് നേരെത്തെ അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും യോഗം വിളിച്ചുചേര്‍ത്തത്.
ഡല്‍ഹിയില്‍ സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം സന്ദര്‍ശനം അമിത് ഷാ റദ്ദാക്കി. അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പി പരമേശ്വരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു അമിത് ഷാ എത്തിച്ചേരേണ്ടത്.