‘ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലീം ഏക് ഹേ’; കലാപം പടരുന്നതിനിടെ ഡല്‍ഹിയില്‍ ഹിന്ദു-മുസ്ലീം ഐക്യ റാലി നടത്തി ജനങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം പടരുന്നതിനിടെ ഹിന്ദു-മുസ്ലീം ഐക്യ റാലി നടത്തി ജനങ്ങള്‍. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലീം ഏക് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു റാലി നടന്നത്. ഐക്യ റാലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

അതെസമയം ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ അക്രമങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായിട്ടും നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

ഡല്‍ഹിയില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ്ഷാ പറഞ്ഞതിന് പിന്നാലേയും വ്യാപക ആക്രണമം നടന്നു. അശോക് നഗറില്‍ അക്രമികള്‍ പള്ളിക്ക് തീയിട്ടു. അക്രമത്തില്‍ മരണം പത്ത് പിന്നിട്ടു. 200 പേര്‍ക്ക് പരിക്ക് പറ്റി. എന്നിട്ടും സൈന്യം വേണ്ട എന്ന നിലപാടിലാണ് കേന്ദ്രം.

കലാപം നിയന്ത്രിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയുകയാണ്. സൈന്യവും ഡല്‍ഹി പോലീസും കൈയിലുണ്ടായിട്ടും കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല. കലാപ കാരികള്‍ക്ക് കൂട്ടു നില്‍ക്കുകയാണ് കേന്ദ്രം. ഡല്‍ഹി പോലീസ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടാമെന്ന ശുപാര്‍ശയുള്ളതായി സൂചനകള്‍ പുറത്ത് വന്നിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും സൈന്യത്തിന്റെ സഹായം തേടണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സൈന്യത്തെ വിളിക്കേണ്ടതില്ലെന്നും ആവശ്യത്തിന് അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിലപാട്. അതെസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരടക്കമാണ് കലാപത്തിന് ഇരകളായത് എന്നത് കേന്ദ്രസര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ സംശയം സൃഷ്ടിക്കുന്നുണ്ട്.

Exit mobile version