ഡല്‍ഹി സംഘര്‍ഷം; മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തി അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം തുടരവെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന സംഘര്‍ഷങ്ങളില്‍ രാജ്യത്തിനു മുഴുവനും ആശങ്കയുണ്ടെന്ന് പ്രാര്‍ത്ഥനയ്ക്ക് ശേഷം കെജരിവാള്‍ പ്രതികരിച്ചു.

ജീവനും സ്വത്തും നഷ്ടപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുകയാണെങ്കില്‍ അത് എല്ലാവരെയും ബാധിക്കും. അഹിംസയുടെ അനുയായി ആയിരുന്ന ഗാന്ധിജിയോടു പ്രാര്‍ഥിക്കാനാണ് തങ്ങള്‍ രാജ്ഘട്ടില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമങ്ങളില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥരെ കെജരിവാളും സിസോദിയയും സംഘവും സന്ദര്‍ശിക്കുകയും ചെയ്തു.

അതെസമയം ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരണ സംഖ്യ പത്തായി. ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ അക്രമം ഇപ്പോഴും തുടരുകയാണ്. അക്രമികള്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. ചിലയിടങ്ങളില്‍ വെടി വെയ്പ്പുണ്ടായി. വെടിവെയ്പ്പില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റിട്ടുണ്ട്.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ നിരവധി മാധ്യമ പ്രവവര്‍ത്തകര്‍ നേരെ അക്രമം ഉണ്ടായി. മാധ്യമ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു.

Exit mobile version