ലക്‌നൗ: ഉന്നാവ് പീഡനക്കേസിലെ പ്രതിയായ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ നിയമസഭാംഗത്വം റദ്ദാക്കി.ഉത്തര്‍പ്രദേശിലെ ബംഗര്‍മാരു മണ്ഡലത്തിലെ ജനപ്രതിനിധിയായ കുല്‍ദീപ് സെംഗാറിനെ അയോഗ്യനാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.
ജോലികിട്ടാന്‍ സഹായം തേടിയെത്തിയ പതിനെഴുകാരിയായ പെണ്‍കുട്ടിയെ സെംഗാര്‍ ഉന്നാവിലെ വസതിയില്‍ വച്ച് ബലാല്‍സംഗം ചെയ്തു എന്നാണ് കേസ്. കേസില്‍ എംഎല്‍എ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി കുല്‍ദീപ് സിംഗിനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 രണ്ട് പ്രകാരം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കോടതി ഇത് ജീവിത അവസാനം വരെയാകും എന്നും വ്യക്തമാക്കിയിരുന്നു.
ജനപ്രതിനിധി എന്ന നിലയ്ക്ക് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം എംഎല്‍എ തകര്‍ത്തു. കേസ് ഇല്ലാതാക്കാന്‍ എല്ലാ ശ്രമവും നടത്തി. ഇരയേയും കുടുംബത്തേയും അധികാരം ഉപയോഗിച്ച് വേട്ടയാടി’. അതിനാല്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെംഗര്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നെന്നായിരുന്നു ഡല്‍ഹിയിലെ വിചാരണ കോടതി വ്യക്തമാക്കിയത്.
യോഗി ആദിത്യനാഥിന്റെ വസതിയില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് കേസ് ദേശീയ ശ്രദ്ധ നേടിയത്. കള്ളക്കേസില്‍ കുടുങ്ങിയ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനത്തില്‍ മരിച്ചിരുന്നു. ഈ വര്‍ഷം പെണ്‍കുട്ടി വാഹനാപകടത്തില്‍ ഗുരുതര അവസ്ഥയിലായതോടെയാണ് സുപ്രീം കോടതി ഇടപെട്ട് കേസ് ഡല്‍ഹിയിലേക്ക് മാറ്റിയത്.