ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ ശക്തമായ പ്രക്ഷോഭമാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്. ഈ സാഹചര്യത്തില്‍ ഡല്‍ഹി പോലീസിന് മുന്നറിയിപ്പ് നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് കപില്‍ മിശ്ര. ജാഫ്രാബാദിലേയും ചാന്ദ് ബാഗിലേയും റോഡുകളില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് കപില്‍ മിശ്രയുടെ ഭീഷണി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നും മിശ്ര മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു.
കപില്‍ മിശ്രയുടെ വാക്കുകള്‍ ഇങ്ങനെ;
പോലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോകും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിന് ശേഷം അനുനയ നീക്കവുമായി പോലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ല.