ന്യൂഡൽഹി: സുപ്രീംകോടതിയെയും വിറപ്പിച്ച് എച്ച്1എൻ1 പനി. സുപ്രീകോടതിയിലെ ആറ് ജഡ്ജിമാർക്കാണ് എച്ച്1എൻ1 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢാണ് ചൊവ്വാഴ്ച കോടതിയിൽ ഇക്കാര്യം അറിയിച്ചത്. ജഡ്ജിമാരായ മോഹന ശാന്തന ഗൗഡർ, ആർ ഭാനുമതി, എഎസ് ബൊപ്പണ്ണ, സഞ്ജീവ് ഖന്ന, അബ്ദുൽ നസീർ, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച്1എൻ1 രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രോഗത്തെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ യോഗം വിളിച്ചെന്നും ഡിവൈ ചന്ദ്രചൂഢ് കൂട്ടിച്ചേർത്തു. സുപ്രീംകോടതിയിലെ ജോലിക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് താൻ നിർദേശിച്ചതായും അദ്ദേഹം അറിയിച്ചു.
ജഡ്ജിമാർക്ക് രോഗം പിടിപെട്ടതിൽ ചീഫ് ജസ്റ്റിസ് അസ്വസ്ഥനാണെന്നും കോടതിയിൽ മരുന്ന് നൽകാനുള്ള ഡിസ്പൻസറി ഒരുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. ഇന്നോ നാളെയോ ഡിസ്പൻസറി ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജഡ്ജിമാർ കോടതിയിലെത്താൻ വൈകിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ജഡ്ജിമാരുടെ രോഗവിവരം അറിയിച്ചത്
Discussion about this post