ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്ന് ആം ആദ്മി പാർട്ടി എംഎൽഎ അമാനുല്ല ഖാൻ. സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിൽ തിങ്കളാഴ്ച സന്ദർശനം നടത്തിയതിന് പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം.
”എന്തുകൊണ്ടാണ് അമിത് ഷായും ബിജെപി നേതാക്കളും പ്രതിഷേധക്കാരുമായി ചർച്ച നടത്താത്തത്. ഇത് കേന്ദ്രത്തിന്റെ വിഷയമാണ്. ഡൽഹിയിലെ പ്രാദേശിക സർക്കാരിന്റേതല്ല. അമിത് ഷായ്ക്ക് ഷഹീൻബാഗിന്റെ പേരിൽ വോട്ട് ചോദിക്കാം. പക്ഷെ, എന്തുകൊണ്ട് അദ്ദേഹം ഈ ആളുകളുമായി ചർച്ച നടത്താത്തത്. ഇവർ ഇന്ത്യക്കാരല്ലേ.. സർക്കാറാണ് ജനങ്ങളെ ഇവിടെ ഇരുത്തിയത്. ജനങ്ങൾക്ക് ചർച്ച നടത്തണമെന്നുണ്ട്. പക്ഷെ സർക്കാർ അവരെ കേൾക്കാൻ തയാറാവുന്നില്ലെന്നും അമാനുല്ല ഖാൻ പറഞ്ഞു.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതാധികാര യോഗം വിളിച്ചു ചേർക്കണമെന്നും അമാനുല്ല ഖാൻ ആവശ്യപ്പെട്ടു. സമാധാനപരമായാണ് സിഎഎ വിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്നതെന്നും ചില ബിജെപിക്കാർ പ്രശ്‌നം സൃഷ്ടിക്കാനായി പ്രക്ഷോഭകർക്കു നേരെ കെല്ലറിയുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിയിൽ സിഎഎ വിരുദ്ധ പ്രക്ഷോഭകരും സിഎഎ അനുകൂലികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പോലീസുകാരനുൾപ്പെടെ അഞ്ചു പേർ മരിച്ചിരുന്നു.
Discussion about this post