പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നവർക്ക് നേരെ ഷൂട്ട് അറ്റ് സൈറ്റ് പ്രയോഗിക്കണം; മോഡിക്ക് കത്തെഴുതി ബിജെപി മന്ത്രി

ബംഗളൂരു: പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അമൂല്യ ലിയോൺ എന്ന വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്വേഷ വാക്കുകളുമായി കർണാടക മന്ത്രി. പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളെ സ്‌പോട്ടിൽ വെച്ച് തന്നെ വെടിവെച്ചു കൊല്ലണമെന്നും അത്തരമൊരു നിയമം ഇവിടെ നടപ്പിലാക്കേണ്ടതുണ്ടെന്നും കർണാടക കൃഷി മന്ത്രി ബിസി പാട്ടീലാണ് ആവശ്യപ്പെടുന്നത്.

ബംഗളൂരുവിൽ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി പങ്കെടുത്ത പരിപാടിയിലാണ് വിദ്യാർത്ഥിനി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. ഇതേകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയായിരുന്നു ഇത്തരക്കാരെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്ന പ്രസ്താവന മന്ത്രി നടത്തിയത്.

”എന്റെ അഭിപ്രായത്തിൽ ഇവിടെ ഒരു പുതിയ നിയമത്തിന്റെ ആവശ്യമുണ്ട്. ഷൂട്ട് അറ്റ് സൈറ്റ് ലോ. ഇന്ത്യയെ മോശമാക്കി സംസാരിക്കുന്നവരേയും പാകിസ്താനെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിക്കുന്നവരേയും കൈകാര്യംചെയ്യാൻ ഉതകുന്നതായിരിക്കണം ഇത്. ‘- മന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന രാജ്യദ്രോഹികളെ കൈകാര്യം ചെയ്യാൻ ഇത്തരത്തിലുള്ള ചില നിയമങ്ങൾ കൊണ്ടുവരുന്നത് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും ഇത്തരമൊരു ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version