മോഡി ബഹുമുഖ പ്രതിഭയെന്നത് ഈ വർഷത്തെ ഏറ്റവും വലിയ തമാശ; മോഡിയെ പുകഴ്ത്തിയ അരുൺ മിശ്രയ്‌ക്കെതിരെ മുതിർന്ന ജഡ്ജിമാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്തിയ സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്രയെ വിമർശിച്ച് മുതിർന്ന ജഡ്ജിമാർ രംഗത്ത്. ദീർഘദൃഷ്ടിയുള്ള ബഹുമുഖപ്രതിഭയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹത്തിന്റെ ഭരണത്തിനു കീഴിൽ ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിൽ ഏറെ ശ്രദ്ധേയമായെന്നുമാണ് സുപ്രീംകോടതിയിലെ ഒരു ചടങ്ങിനിടെ അരുൺ മിശ്ര അഭിപ്രായപ്പെട്ടത്. ആഗോള തലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന മോഡിയോട് കടപ്പാടുണ്ടെന്നും മിശ്ര പരാമർശിച്ചിരുന്നു.

അതേസമയം, ഒരു ന്യായാധിപന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും മുൻ ജഡ്ജിമാർ രംഗത്തെത്തിയത്.

പ്രധാനമന്ത്രിയെ സുപ്രീംകോടതിയിലെ ഒരു സിറ്റിങ് ജഡ്ജ് ഇങ്ങനെ പുകഴ്ത്തുന്നത് അനുചിതമാണ്. അദ്ദേഹത്തിന്റെ പരാമർശങ്ങളെ ഈ വർഷത്തെ ഏറ്റവും വലിയ തമാശയായി രേഖപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് സുപ്രീംകോടതി മുൻ ജഡ്ജി പിബി സാവന്ത് പ്രതികരിച്ചു.

ഭരണകൂടത്തെയും ഭരണകർത്താവിനെയും ഒരു സിറ്റിങ് ജഡ്ജ് പുകഴ്ത്തുമ്പോൾ അത് ജുഡീഷ്യറിയുടെ വിശ്വാസത്തെ സംശയത്തിലാക്കും. ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായ ധർമ്മമാണ് ജുഡീഷ്യറിക്കുള്ളത്. അരുൺമിശ്ര തന്റെ പ്രസ്താവനകൾ ഒഴിവാക്കണമായിരുന്നുവെന്നു ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആർപി ഷാ പറഞ്ഞു.

ജസ്റ്റിസ് മിശ്ര കോടതിയുടെ പാരമ്പര്യവും അന്തസത്തയും അനുസരിക്കണം. നിയമത്തിന് മുന്നിൽ സർക്കാരും ജനങ്ങളും തുല്യരാണ്. പ്രധാനമന്ത്രിയെ പുകഴ്ത്തുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകും. ഇത്തരം പരാമർശങ്ങൾ കേസുകൾ പരിഗണിക്കുമ്പോൾ ജഡ്ജിയുടെ ഉദ്ദേശ ശുദ്ധിയെ ജനങ്ങൾ സംശയിക്കാനിടയാക്കുമെന്നാണ് ഡൽഹി ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് സോധി പ്രതികരിച്ചത്.

Exit mobile version