ന്യൂഡൽഹി: സമരം ചെയ്യുന്ന തങ്ങളെ പാകിസ്താനികൾ എന്ന് വിളിക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് ഷഹീൻബാഗിലെ പ്രതിഷേധക്കാരായ സ്ത്രീകൾ. സമരക്കാരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘത്തിന് സഹായം നൽകുന്ന വിവരാവകാശ കമ്മീഷൻ മുൻ തലവൻ വജാഹത്ത് ഹബീബുള്ള നൽകിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യൻ പൗരരായതിൽ അഭിമാനിക്കുന്നവരാണ് സമരം ചെയ്യുന്ന സ്ത്രീകളെന്നും ദേശവിരുദ്ധർ, പാകിസ്താനികൾ, പുറംദേശക്കാർ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ പല പ്രസംഗങ്ങളിലും ചില മാധ്യമങ്ങളിലും ഇവർക്കെതിരെ ഉപയോഗിക്കുന്നതിൽ അവർക്ക് വളരെയധികം വിഷമുണ്ടെന്നുമാണ് സത്യവാങ് മൂലത്തിൽ പറയുന്നത്.
‘ഈ രാജ്യത്തെ പൗരൻമാരായതിൽ അഭിമാനിക്കുന്നവരായിട്ടും രാജ്യദ്രോഹികൾ, പുറത്തു നിന്നുള്ളവർ, പാകിസ്താനികൾ, വിശ്വാസ വഞ്ചകർ എന്നിങ്ങനെ പല പ്രസംഗങ്ങളിലും ചില മാധ്യമങ്ങളിലും അവരെ ചിത്രീകരിക്കുന്നതിൽ അവർക്ക് അതിയായ വിഷമമുണ്ട്,’ സത്യവാങ് മൂലത്തിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിയുള്ള ഹർജികൾ എത്രയും വേഗം പരിഗണിക്കണമെന്നും സത്യവാങ് മൂലത്തിൽ പറയുന്നുണ്ട്.
ഷാഹീൻ ബാഗ് കോളനിക്കു ഇടയിലാണ് പ്രതിഷേധം എന്നത് പ്രതിഷേധക്കാരെ സംബന്ധിടത്തോളം സുരക്ഷിതമാണ്. അതിനാലാണ് അവിടെ സമരം ചെയ്യാൻ തീരുമാനിച്ചതെന്നും സത്യവാങ് മൂലത്തിൽ പറയുന്നു. ആ പ്രദേശത്തെക്കുള്ള അഞ്ചിടങ്ങളിൽ റോഡ് തടസപ്പെടുത്തിയിരിക്കുന്നത് ഡൽഹി പോലീസാണെന്നുമാണ് സത്യവാങ് മൂലത്തിൽ ഉള്ളത്. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും